This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേബിള്‍ വേ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേബിള്‍ വേ

Cable Way

രണ്ടോ അതിലധികമോ തൂണുകള്‍ തമ്മില്‍ വലിച്ചു കെട്ടിയുറപ്പിച്ചിരിക്കുന്ന കേബിളുകളിന്മേല്‍ ഒരു ട്രോളി തൂക്കിയിട്ട് ആവശ്യാനുസരണം അങ്ങോട്ടോ ഇങ്ങോട്ടോ വലിച്ചുനീക്കി ആളുകളെയും സാധനങ്ങളെയും കയറ്റി ഇറക്കാന്‍ ഉപയോഗിക്കുന്ന സംവിധാനം. ഖനികളിലും മലകളുടെ മുകളിലും മറ്റുമാണ് ഇത്തരം സംവിധാനം സാധാരണ ഉപയോഗിക്കാറുള്ളത്. റോപ് വേ (Rope Way) എന്നും കേബിള്‍ വേ(Cable Way)ക്കു പേരുണ്ട്.

ചണമോ അതുപോലുള്ള മറ്റു നാരുകളോ ഉപയോഗിച്ചുണ്ടാക്കുന്ന വടത്തിനാണ് ആദ്യം കേബിള്‍ എന്ന പേരുണ്ടായിരുന്നത്. ചണം കൊണ്ടുള്ള കേബിളുകള്‍ ഇപ്പോള്‍ ഉപയോഗത്തിലില്ല. ചെറിയ തരം കമ്പികള്‍ പിരിച്ചോ മറ്റു വിധത്തിലോ ഒരുമിച്ചു ചേര്‍ത്ത് ഉണ്ടാക്കിയെടുക്കുന്ന നീണ്ട വഴങ്ങുന്ന വടത്തെയാണ് ഇപ്പോള്‍ കേബിള്‍ എന്നു വിളിക്കുന്നത്. വളയ്ക്കുകയോ പിരിക്കുകയോ വലിക്കുകയോ ചെയ്താലും കേബിളിന്റെ ഘടനയില്‍ കാര്യമായ മാറ്റം ഉണ്ടാകുകയില്ല. കടലിനടിയിലൂടെയുള്ള കമ്പിത്തപാല്‍ കമ്പി, വാര്‍ത്താവിനിമയത്തിനല്ലാതെ വൈദ്യുത വിതരണത്തിനായി ഭൂഗര്‍ഭത്തിലും വെള്ളത്തിനടിയിലും സ്ഥാപിക്കുന്ന കമ്പികള്‍ എന്നിവയെയും കേബിളുകള്‍ എന്നു വിളിക്കാറുണ്ടെങ്കിലും ഇവിടെ കേബിള്‍ എന്നതുകൊണ്ടു കമ്പിവടത്തെയാണ് ഉദ്ദേശിച്ചിരിക്കുന്നത്.

കേബിള്‍ വേയിലുടെ സഞ്ചരിക്കുന്ന കേബിള്‍ കാര്‍

ഭാരം വഹിക്കാനുള്ള പ്രധാന കമ്പികളില്‍ക്കൂടി സാധനങ്ങള്‍ വഹിച്ചുകൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന, മുകളില്‍ സൂചിപ്പിച്ച പ്രകാരത്തിലുള്ള ഓടുന്ന ട്രോളിയെ കേബിള്‍കാരിയേജ് എന്നു പറയുന്നു. എന്നാല്‍ ആളുകളെയും വഹിച്ചു കമ്പികളില്‍ക്കൂടി ഓടുന്ന വാഹനത്തെയാണ് കേബിള്‍ കാര്‍ എന്നു വിളിക്കുന്നത്. മലമ്പ്രദേശങ്ങളിലും മറ്റും ഗതാഗതത്തിന് ഈ മാര്‍ഗം അവലംബിച്ചുകാണാറുണ്ട്. ആല്‍പ്സ് പര്‍വതനിരകളിലാണ് ഇത് ആദ്യമായി വിജയപൂര്‍വം പരീക്ഷിച്ചത്. കേബിള്‍ കാറിന്റെയോ കാരിയേജിന്റെയോ ഭാരം വഹിക്കാനുദ്ദേശിക്കപ്പെട്ടിട്ടുള്ള കമ്പികളില്‍ക്കൂടി വലിച്ചുനീക്കുന്നതിനാവശ്യമായ ശക്തി, കാരിയേജിനോടൊപ്പം സഞ്ചരിക്കുന്ന പ്രത്യേകം കമ്പികള്‍ വഴി നല്‍കുന്നു. ഇവയുടെ ചാലനവ്യവസ്ഥ വേറൊരിടത്തായിരിക്കും സ്ഥാപിച്ചിരിക്കുക.

ഇന്നു പ്രചാരത്തിലുള്ള കേബിള്‍ വേ സമ്പ്രദായത്തില്‍ ഭാരം വഹിക്കുന്നതിനുള്ള രണ്ടു കേബിളുകള്‍ ഉപയോഗിക്കുന്നു. ഇവ ടവറുകളില്‍ കെട്ടിയുറപ്പിക്കുന്നു. കേബിള്‍ ഉള്ളിലേക്ക് ഇറങ്ങിയിരിക്കത്തക്കവണ്ണം പൊഴികളുള്ള ഒരു ട്രക്ക് കേബിളിനു മുകളില്‍ക്കൂടി സഞ്ചരിക്കുന്നു. ഇതില്‍ നിന്നാണ് യാത്രക്കാരെയോ സാധനങ്ങളെയോ കൊണ്ടുപോകാനുള്ള വാഹനം തൂക്കിയിടുന്നത്. മറ്റൊരു കമ്പി വാഹനം വലിച്ചുനീക്കുന്നു.

ലോകത്തിലേക്കും ഉയരമുള്ള കേബിള്‍ വേകളില്‍ ഒന്ന് വെനിസ്വേലയിലാണ്. സാധനങ്ങള്‍ 4765 മീ. ഉയരം വരെ കയറ്റാന്‍ ഇത് ഉപയോഗിക്കുന്നു. യാത്രക്കാര്‍ക്കുള്ള ഏറ്റവും നീളംകൂടിയ കേബിള്‍ വേകളില്‍ ഒന്ന് കാലിഫോര്‍ണിയയിലാണുള്ളത്. 4023 മീ. നീളമുള്ള ഇതു മൊത്തം 1830 മീ. മുകളിലേക്കു പോകുന്നു.

കേബിള്‍ വേകളില്‍ മറ്റൊരു വിഭാഗം സ്കീ ലിഫ്ടുകള്‍ (Ski lifts) എന്നപേരില്‍ അറിയപ്പെടുന്നു. ഇത്തരം കേബിള്‍ വേകളില്‍ ചലിക്കുന്ന കേബിളുമായി കാര്‍ കെട്ടിയുറപ്പിക്കുകയാണ് ചെയ്യുന്നത്.

(ഡോ. ആര്‍. രവീന്ദ്രന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍